ദീപാവലിക്ക് ശേഷം ഡൽഹിയിൽ വായു മലിനീകരണം ഉണ്ടാവില്ലെന്ന് കേന്ദ്രം ഉറപ്പു വരുത്തുക; സുപ്രീം കോടതി

Ensure there’s no smog in Delhi after Diwali break: SC tells Centre

ഉടൻ തന്നെ ഡൽഹിയിലെ പുകമഞ്ഞ് നീക്കം ചെയ്യുന്നതിനുള്ള പരിഹാരം കാണാൻ സർക്കാർ നടപടികൾ എടുക്കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു. ഡൽഹിയിലെ വായു മലിനീകരണം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ പരിഗണിക്കുന്നത് കോടതി ദീപാവലി അവധി കഴിഞ്ഞുവരുന്ന നവംബർ പതിനാറിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡേ അധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്. വിഷയം വീണ്ടും ദീപാവലി കഴിയുന്നത് വരെ നീട്ടിവയ്ക്കുകയാണെന്നും അന്ന് ഡൽഹിയിലെ പുകമഞ്ഞ് ഇല്ലെന്ന് ഉറപ്പുതരാൻ കേന്ദ്രത്തിന് കഴിയണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്‌ പറഞ്ഞു. ഡൽഹി മലിനീകരണവുമായി ബന്ധപ്പെട്ട എംസി മേഹ്ത കേസും ആദിത്യ ദുബെയുടെ ഹർജിയുമാണ് കോടതി പരിഗണിച്ചത്.

എയർ ക്വാളിറ്റി മാനേജ്മെൻ്റ് കമ്മീഷൻ രൂപികരിച്ചിട്ടുണ്ടെന്നും ഇന്ന് തന്നെ ഡൽഹിയിലെ പുകമഞ്ഞ് നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഡൽഹിൽ ആരോഗ്യ അടിയന്തരാവസ്ഥയാണ് നിലനിൽക്കുന്നതെന്നും കോടതി അടച്ചാൽ വരും ദിവസങ്ങളിൽ സാഹചര്യം കൂടുതൽ മോശമാവുകയെ ഉള്ളുവെന്നും മുതിർന്ന അഭിഭാഷകൻ വികാസ് സിങ് കോടതിയെ അറിയിച്ചു. ഉടൻ തന്നെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ കോടതി കോടതിയുടെ ഉത്തരവാദിത്വം നിറവേറ്റുന്നുണ്ടെന്നും എക്സിക്യൂട്ടീവാണ് ഈ പ്രശ്നത്തിന് പരിഹാരം കാണേണ്ടതെന്നും അവർക്ക് പ്രശ്നം പരിഹരിക്കാൻ ആവശ്യമായ പണവും അധികാരവും വിഭവങ്ങളും ഉണ്ടെന്നുമാണ് കോടതി പറഞ്ഞത്. 

മലിനീകരണം ഇല്ലാതാക്കാൻ നടപടികളെടുക്കാൻ കേന്ദ്രം രൂപികരിച്ച സമിതിയിൽ ആരോഗ്യമന്ത്രാലയത്തിൽ നിന്നുള്ള ആരും തന്നെ പ്രതിനിധിയായി ഇല്ലെന്നും വികാസ് സിങ് കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ കോടതിയ്ക്ക് ഈ വിഷയത്തിൽ ഇടപെടാൻ പരിമിതികളുണ്ടെന്ന് ബെഞ്ച് വിലയിരുത്തി. 

content highlights: Ensure there’s no smog in Delhi after Diwali break: SC tells Centre